മരണം സത്യമോ മിഥ്യയോ ??

മരണം ഒരു യാഥാര്‍ഥ്യമാണ് . അത് അനുനിമിഷം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു . നമ്മള്‍ അത് അംഗീകരിച്ചാലും ഇല്ലെങ്കിലും ഓര്‍ത്തുകൊണ്ടിരുന്നാലും ഇല്ലെങ്കിലും മരണം സദാ നമ്മുടെ കൂടെയുണ്ട്. മരണവും ഓരോ നിമിഷവും ജീവിയ്ക്കുന്നു . ആദ്യത്തെ ശ്വാസം മുതല്‍ അവസാനത്തെ ശ്വാസം വരെ … ശ്വാസം ഉള്ളിലേക്ക് വലിച്ചെടുക്കൂന്ന ഓരോ നിമിഷവും അതൊരു ജനനമാണ് . ഓരോ ഉച്ഛ്വാസവും മരണമാണ് . 

മരണം എന്നത് ഭാവിയിലെന്നെങ്കിലും നടക്കാന്‍ പോകുന്ന ഒരു സംഭവമല്ല. മരണം നമ്മെ കാത്തിരിക്കുന്നില്ല . അത് ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ് . ജീവിതം പോലെ തന്നെ മരണവും ഓരോ നിമിഷവും നടന്നുകൊണ്ടിരിക്കുന്നു . പ്രകൃതിയുടെ രണ്ട് പരിണാമങ്ങളാണ് ജീവിതവും മരണവും . ഒരു പറവയുടെ രണ്ട് ചിറകുകള്‍ പോലെയാണത് . ഒന്നില്ലെങ്കില്‍ മറ്റൊന്നില്ല . ഒരേ കാലത്തില്‍ നടക്കുന്നതാണ് ജീവിതവും മരണവും . അത് ജീവിതത്തിനെതിരല്ല . മരണമാണ് ജീവിതം സാധ്യമാക്കുന്നത് . ജീവിതത്തിന്റെ ആധാരം തന്നെ മരണമാണ് . അത് ജനനം മുതല്‍ നമ്മോടൊപ്പമുണ്ട് . നമ്മുടെ ഓരോ ഉച്ഛ്വാസവും കൊച്ചു കൊച്ചു മരണങ്ങള്‍ തന്നെ . മരണത്തെ നമ്മള്‍ ഭയപ്പെടുന്നത് കൊണ്ട് ഓര്‍ക്കാന്‍ കഴിയാത്തത്ര വിദൂരമായ ഭാവിയില്‍ നമ്മളതിനെ സൂക്ഷിക്കുന്നു . 

മനസ്സിന് ഗ്രഹിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ മനസ്സ് ഒഴിവാക്കുന്നു . അഥവാ തള്ളിക്കളയുന്നു . പ്രണയം , ജീവിതം , മരണം ഇങ്ങനെ മനസ്സിലാക്കാന്‍ കഴിയാത്ത ചില കാര്യങ്ങളുണ്ട് . ജീവിതം എന്താണെന്ന് മനസ്സിലാക്കാതെ തന്നെ മനസ്സ് ജീവിതത്തെ ആര്‍ത്തിയോടെ സ്വീകരിക്കുന്നു . ജീവിതത്തോട് അഗാധമായ അഭിനിവേശം പുലര്‍ത്തുന്നു . പക്ഷെ മരണത്തെ അങ്ങനെ ഉള്‍ക്കൊള്ളാന്‍ മനസിന് കഴിയുന്നില്ല . മരണം ഒരു പേടിസ്വപ്നമായി മനസ്സിനെ നിതാന്തമായി വേട്ടയാടുന്നു . അത് കൊണ്ടാണ് മരണത്തെ വിദ്ദൂരമായ ഭാവിയുടെ ഒളിസങ്കേതത്തിലേക്ക് മനസ്സ് മാറ്റിവെക്കുന്നത് . വരുന്നിടത്ത് വെച്ച് കാണാമെന്ന് സമാധാനിക്കുന്നത് . 
പ്രണയത്തെക്കുറിച്ച് വാചാലമാകാമെങ്കിലും അതിനൊരു നിര്‍വ്വചനം കണ്ടെത്തുക എളുപ്പമല്ല. ഒന്നിനോടുള്ള ഇച്ഛ , ആകര്‍ഷണം അല്ലെങ്കില്‍ പറ്റ് (attachment) ഇതൊക്കെ പ്രണയമാണെന്ന് ചിലപ്പോള്‍ തെറ്റിദ്ധരിക്കാറുണ്ട് . ഇതൊക്കെ സ്വാര്‍ത്ഥതയുടേയോ അല്ലെങ്കില്‍ അഹംബോധത്തിന്റെ (ego)യോ പ്രതിഫലനങ്ങളാവാം . പ്രണയവുമായി ഇതിനൊന്നും യാതൊരു ബന്ധവുമില്ല. യഥാര്‍ഥത്തില്‍ ഇത്തരം സ്വാര്‍ത്ഥത അല്ലെങ്കില്‍ ഈഗോ പ്രണയത്തെ അസാധ്യമോ അപ്രാപ്യമോ ആക്കുകയാണ് ചെയ്യുന്നത് . രണ്ട് തീരങ്ങള്‍ പോലെയാണ് ജീവിതവും മരണവും . ഇതിനിടയില്‍ ഒരു നദി പോലെ ഒഴുകാന്‍ സാധ്യമാണ് പ്രണയം . എന്നാല്‍ അതൊരു സാധ്യത മാത്രമാണ് ……..
മരണം എന്താണെന്ന് മനസ്സിലാക്കിയാല്‍ അതില്‍ നിന്ന് രക്ഷപ്പെടുന്നതിനെക്കുറിച്ച് വ്യാകുലപ്പെടേണ്ടി വരില്ല . മരണം നമ്മെ കൊല്ലുന്നില്ല . നാം ജീവിയ്ക്കുമ്പോള്‍ തന്നെ നമ്മളറിയാതെ നമ്മളില്‍ അനുസ്യുതം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നാ‍ണ് മരണം . അത് ജീവിതത്തെ നശിപ്പിക്കുകയല്ല , പ്രത്യുത മരണം ജീവിതത്തെ ഓരോ നിമിഷവും നവീകരിക്കുകയാണ് ചെയ്യുന്നത് . വാടിയ പുഷ്പങ്ങള്‍ കൊഴിയുമ്പോള്‍ പുതിയ പുഷ്പങ്ങള്‍ മലരുന്നു . ഓരോ നിമിഷവും നിരന്തരമായ ഒരു അതിശയം പോലെ നമ്മള്‍ മരിച്ചു കൊണ്ടേ പുനര്‍ജ്ജനിയ്ക്കുന്നു . 
മരണം അനിഷേധ്യമായ ഒരു യാഥാര്‍ഥ്യമാണ് . ജനിക്കുമ്പോള്‍ തന്നെ നിശ്ചയിക്കപ്പെട്ടതാണത് . മറ്റൊന്നിനും നിശ്ചയമില്ല ; നടക്കാം നടക്കാതിരിക്കാം . ഒന്നോര്‍ത്താല്‍ മരണത്തെക്കാള്‍ ഭയാനകമല്ലേ അമരണം ? ഇത് മനസ്സിലാക്കിയാല്‍ നിര്‍ഭയം ശാന്തതയോടെ സമാധാനത്തോടെ ജീവിയ്ക്കാം . അനിശ്ചിതത്വമാണ് ഭയത്തെ ജനിപ്പിക്കുന്നത് . മരണം സുനിശ്ചിതമാണെന്ന് മനസ്സിലാക്കിയാല്‍ ഓരോരുത്തര്‍ക്കും നിര്‍ഭയം മരണത്തെ അഭിമുഖീകരിക്കാന്‍ കഴിയും . ജീവിതം മുഴുവനുമായി ജീവിയ്ക്കുകയാണെങ്കില്‍ മരണം ആര്‍ക്കും ഒരു ക്ഷണിക്കപെടാത്ത അതിഥിയായിരിക്കുകയില്ല. നമ്മുടെ സഹയാത്രികനാണ് മരണം ! ജീവിതത്തിന്റെ അര്‍ത്ഥവും സൌന്ദര്യവും അത് തന്നെ !!

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s